
കോഴിക്കോട്: സമൂഹത്തിലെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്യാംപെയ്‌നുമായി ഡി.വൈ.എഫ്.ഐ. ‘ലഹരിക്കെതിരെ ജനകീയ കവചം’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി സെപ്തംബർ ഒന്ന് മുതൽ 20 വരെ 2500 കേന്ദ്രങ്ങളിൽ ജനകീയ സദസുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
സ്‌കൂൾ പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിക്കും. സെപ്‌തംബർ 18ന് 25,000 കേന്ദ്രങ്ങളിലായി ലഹരി വിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.
ലഹരിവിതരണ സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് 2500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി.കെ സനോജ് എന്നിവർ പറഞ്ഞു. സംസ്ഥാനത്ത് ലഹരിമാഫിയയുടെ പ്രവർത്തനം വ്യാപിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ലഹരിവിതരണം ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ നേതാക്കളുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുണ്ടായതും ഇവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും ഡി.വൈ.എഫ്.ഐ ലക്ഷ്യമിടുന്നുണ്ട്.