wedding-

മക്കളെ നല്ലൊരു പങ്കാളിയെ കൊണ്ട് കല്യാണം കഴിപ്പിക്കുക എന്നത് മാതാപിതാക്കളുടെ ചിരകാല മോഹമായിരിക്കും. ഇതിലേക്കായി കുടുംബത്തിന്റെ വർഷങ്ങളായുള്ള വരുമാനത്തിന്റെ നല്ലൊരു പങ്കും വിവാഹത്തിനായാവും ചെലവാക്കുക. എന്നാൽ മാതാപിതാക്കളുടെ ഈ ടെൻഷൻ അസ്ഥാനത്താണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പുതിയ സർവേ പ്രകാരം പുതിയ തലമുറയിലെ നാൽപ്പത് ശതമാനം വിവാഹങ്ങളിലും ചെലവ് വധൂവരൻമാർ തന്നെ വഹിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

കൊവിഡും അതിനെ തുടർന്നുള്ള ലോക്ഡൗണിനും ശേഷം ഇന്ത്യയിൽ വിവാഹങ്ങൾ മുൻപത്തേ പോലെ ആളുകളുടെ പങ്കാളിത്തത്തോടെ വർണാഭമായി കൊണ്ടാടുകയാണ് ഇപ്പോൾ. എന്നാൽ പുതുതലമുറ തങ്ങളുടെ വിവാഹത്തിൽ കുറച്ച് പേർ മാത്രം പങ്കെടുത്താൽ മതി എന്ന ചിന്തയുള്ളവരാണത്രേ. ആളെണ്ണം കൂട്ടുന്നതിൽ അല്ല ഗുണനിലവാരത്തിനാണ് ഇക്കൂട്ടർ പ്രാധാന്യം നൽകുന്നത്. ദി നോട്ട് വേൾഡ് വൈഡിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ വെഡിംഗ് വയർ ഇന്ത്യയാണ് സർവേയ്ക്കായി വിവര ശേഖരണം നടത്തിയത്. വിവാഹ ചെലവും കൊവിഡിന് മുൻപത്തേതിനേക്കാളും 31 ശതമാനം വരെ ഉയർന്നതായും സർവേ ഫലം പറയുന്നു.