
ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ നോയിഡയിൽ 40 നിലകളിലായി 103 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ഉച്ചയ്‌ക്ക് കൃത്യം രണ്ടരയ്ക്കായിരുന്നു സ്ഫോടനം. ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്.
ഇരട്ടക്കെട്ടിടങ്ങൾക്ക് തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു സ്ഫോടനം. മരടിലെ നാല് ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. പൊളിക്കൽ വിജയകരമെന്ന് കമ്പനി അറിയിച്ചു.
നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്ളാറ്റുകൾ അടങ്ങിയ അപെക്സ് (32നില), സെയാൻ (29നില) ഇരട്ട ടവറുകളാണ് പൊളിച്ചത്. ഇവയ്ക്ക് കുത്തബ് മിനാറിനേക്കാൾ ഉയരമുണ്ട്.
#WATCH | 'Controlled implosion' turns Noida's #SupertechTwinTowers to dust pic.twitter.com/zDksI6lfIF
— ANI (@ANI) August 28, 2022
ഒൻപത് സെക്കൻഡിൽ കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച കെട്ടിടങ്ങൾ പൊളിക്കാൻ 2021 ഓഗസ്റ്റ് 28നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാലിച്ചില്ലെന്ന് ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് കണ്ടെത്തി.
ഹരിയാനയിലെ ഹിസാർ സ്വദേശി ചേതൻ ദത്തയാണ് സ്‌ഫോടനം നടത്താനുള്ള ബട്ടൺ അമർത്തിയത്. താപവൈദ്യുത നിലയങ്ങൾ, ഖനികൾ എന്നിവ പൊളിച്ച അനുഭവമുള്ളയാളാണ് ചേതൻ ദത്ത. എന്നാൽ ആദ്യമായാണ് റെസിഡൻഷ്യൽ കെട്ടിടം ഇയാൾ പൊളിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഇരു കെട്ടിടങ്ങളിലും നിറച്ചത് 3700 കിലോ സ്‌ഫോടക വസ്തുക്കളായിരുന്നു.
സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങൾ തെറിച്ച് വീഴുന്നത് തടയാൻ ഇരുമ്പ് മെഷും തുണികളും ഉപയോഗിച്ച് നിർമ്മിച്ച നാല് നിര സംരക്ഷണ കവചം ഒരുക്കിയിരുന്നു. ഇരട്ട ടവറുകൾക്ക് സമീപമുള്ള എമറാൾഡ് കോർട്ടിലെയും എ.ടി.എസ് വില്ലേജിലെയും 5,000ത്തിലധികം താമസക്കാരെ ഇന്ന് രാവിലെ ഏഴ് മണിയോടെ ഒഴിപ്പിച്ചിരുന്നു. അവരുടെ 2,700 വാഹനങ്ങളും 1,50,200 ഓളം വളർത്തുമൃഗങ്ങളെയും മാറ്റി.
ആറ് ആംബുലൻസുകളും മരുന്നുകളുമായി മെഡിക്കൽ ടീം സ്ഥലത്തുണ്ടായിരുന്നു. സമീപത്തെ ആശുപത്രികളിൽ പ്രത്യേക സന്നാഹം ഒരുക്കിയിരുന്നു. പൊളിക്കൽ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന വിദേശീയർ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് മാത്രമാണ് ഇരട്ട ടവറുകൾക്ക് 500 മീറ്റർ ചുറ്റളവിൽ പ്രവേശനം ഉണ്ടായിരുന്നത്.
20 കോടിയാണ് സ്‌ഫോടനത്തിന്റെ ആകെ ചെലവ്. അഞ്ച് കോടി ബിൽഡർ വഹിക്കും. ബാക്കി 15 കോടി അവശിഷ്ടങ്ങൾ വിറ്റ് സമാഹരിക്കും. 55,000 ടണ്ണോളം അവശിഷ്ടങ്ങൾ നീക്കാൻ മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.