
സൂറത്ത്: ബീഫ് കഴിക്കാനുള്ള ഭാര്യയുടെ നിർബന്ധത്തിൽ സഹികെട്ട് യുവാവ് തൂങ്ങി മരിച്ചു. മരണപ്പെട്ട യുവാവിന്റെ മാതാവിന്റെ പരാതിയിൽ പൊലീസ് യുവതിക്കും, സഹോദരനും എതിരെ കേസെടുത്തു. ഉദ്നയിലെ പട്ടേൽ നഗറിലാണ് രാഹുൽ സിംഗ് എന്നയാൾ ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമാണ് ഇയാൾ മരിച്ചത്. രാഹുലിന്റെ ജീവിത പങ്കാളിയായ സോനം അലിയേയും സഹോദരൻമുഖ്താർ അലിയേയുമാണ് പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്തത്.
ജൂൺ 27നാണ് രാഹുൽ സിംഗ് ആത്മഹത്യ ചെയ്തത്. സീലിംഗ് ഫാനിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഒരു വർഷം മുൻപാണ് സിംഗ് യുവതിക്കൊപ്പം പട്ടേൽ നഗറിൽ താമസം ആരംഭിച്ചത്. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരായതിനാൽ യുവാവിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഉത്തർപ്രദേശിലെപ്രതാപ്ഗഢിലാണ് രാഹുലിന്റെ കുടുംബം താമസിച്ചിരുന്നത്. തുടർന്ന് സിംഗ് സോനത്തിനൊപ്പം താമസിക്കുകയായിരുന്നു. ഇവർ വിവാഹിതരായോ എന്ന കാര്യത്തിൽ ഉറപ്പില്ല.
സിംഗ് മരണപ്പെട്ടുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുടുംബം മനസിലാക്കിയത്. ഇയാളുടെ ഫ്രണ്ട് ലിസ്റ്റിൽ നാട്ടിലെ ചിലരുണ്ടായിരുന്നു. ഇവരാണ് ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ കുടുംബത്തെ അറിയിച്ചത്. തുടർന്ന് കുടുംബം ഉദ്ന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബീഫ് കഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ടെക്‌സ്റ്റൈൽ ഡൈയിംഗ് മില്ലിൽ ജോലി ചെയ്യവേയാണ് സിംഗ് സോനത്തെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.