
സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിൽ ബി ജെ പിയെന്ന് എ എ റഹീം എം പി. നേമം മണ്ഡലത്തിൽ തോറ്റതിന്റെ ക്ഷീണം ഇതുവരെ ബിജെപിക്ക് മാറിയിട്ടില്ലെന്നും നഗരസഭാ പിടിക്കാൻ എല്ലാ പരിശ്രമവും നടത്തിയിട്ടും ജനം ഇടതുപക്ഷത്തെയാണ് വിജയിപ്പിച്ചതെന്നും ഇതിലെല്ലാം പരിഭ്രാന്തരായിട്ട് ബി ജെ പി ആർ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്യുന്നതാണ് തലസ്ഥാനത്തെ അക്രമ പരമ്പരയെന്ന് എ എ റഹീം ആരോപിക്കുന്നു. നാടിന്റെ സമാധാനം തകർക്കാനുള്ള ബിജെപി ശ്രമങ്ങളെ അപലപിക്കാൻ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സഖാവ് ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ഇന്നലെ ഉണ്ടായ അക്രമം അത്യന്തം അപലപനീയമാണ്.കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ അക്രമം ഉണ്ടായതിന് പിന്നാലെയാണ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ അക്രമം നടന്നത്.ബിജെപിയാണ് ഈ അക്രമത്തിനും പിന്നിലെന്ന് വ്യക്തമാണ്.ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആർഎസ്എസുകാർ ഇന്നലെ പോലീസ് കസ്റ്റഡിയിലായിരുന്നു.
ജില്ലയിൽ ആർഎസ്എസ് ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങാതെ ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് സിപിഐ(എം) നടത്തുന്നത്.ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ്.ജനപിന്തുണ നേടാൻ കഴിയാത്ത ബിജെപി അക്രമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് നോക്കുന്നത്.നേമം മണ്ഡലത്തിൽ തോറ്റതിന്റെ ക്ഷീണം ഇതുവരെ ബിജെപിക്ക് മാറിയിട്ടില്ല.നഗരസഭാ പിടിക്കാൻ എല്ലാ പരിശ്രമവും നടത്തിയിട്ടും ഇടതുപക്ഷത്തെയാണ് ജനം അംഗീകരിച്ചത്.മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രിയ ഭരണം തുടരുന്നു.ജില്ലയിൽ ബിജെപിയ്ക്കുണ്ടായിരുന്ന ഏക ജില്ലാ പഞ്ചായത്ത് സ്ഥാനവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടമായി. ജനങ്ങൾ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ തള്ളിക്കളയുകയാണ്.
ഇതിൽ പരിഭ്രാന്തരായ ബിജെപി ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്ത നടപ്പിലാക്കുന്നതാണ് തലസ്ഥാന ജില്ലയിലെ ഈ അക്രമ പരമ്പര.
നാടിൻറെ സമാധാനം തകർക്കാനുള്ള ബിജെപി ശ്രമങ്ങളെ അപലപിക്കാൻ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണം.പ്രകോപനമുണ്ടാക്കി സിപിഐഎം പ്രവർത്തകരെ തെരുവിലിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.പ്രകോപനങ്ങളിൽ ആരും വീഴരുത്.സമാധാനം നിലനിർത്താനുള്ള ബാധ്യത അവർക്കില്ല.നമുക്കാ ബാധ്യതയുണ്ട്.ജനം ഇതെല്ലം കാണുന്നുണ്ട്.അവർ ശരിയായ വിധി പറയുകയും ചെയ്യും.