
വൃക്കരോഗങ്ങള്‍ കീഴടക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യമാണ് ഇതിന് പ്രധാന കാരണം. വൃക്ക രോഗങ്ങൾ ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും ഡയാലിസിസിലേയ്ക്ക് എത്തുന്നതിന് മുമ്പ് തടയാനും സാധിക്കുന്നു.
വെള്ളം
നീര് വരാന്‍ സാദ്ധ്യതയുള്ള രോഗികള്‍ വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്. മൂത്രത്തിന്റെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിജപ്പെടുത്തണം. മൂത്രം ധാരാളമായി പോവുകയും നീര് ഇല്ലാതെയും ഉള്ള വൃക്ക രോഗികള്‍ക്ക് വെള്ളം ദാഹത്തിനനുസരിച്ചും ആവശ്യാനുസരണവും കുടിക്കാവുന്നതാണ്.
ഉപ്പ്
ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ചോറിലും കറികളിലും ടേബിള്‍ സാള്‍ട്ട് ചേര്‍ക്കുന്നത് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ ഉപ്പ് വളരെ കൂടുതല്‍ ആയതിനാല്‍ അവ കഴിവതും ഒഴിവാക്കുക.
പ്രോട്ടീന്‍
പേശികളെ വളര്‍ത്തുന്നതിനും രോഗപ്രതിരോധശേഷിക്കും പ്രോട്ടീന്‍ വളരെ പ്രധാനമാണ്. എന്നാല്‍ അത് വൃക്കയുടെ അവസ്ഥ, പോഷകശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. നല്ല പ്രോട്ടീനുകളായ മുട്ടയുടെ വെള്ള, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍, പാല്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
പൊട്ടാസ്യം
വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ മൂത്രം വഴി പൊട്ടാസ്യം പുറന്തള്ളാന്‍ കഴിയാതെ വരും. അങ്ങനെ രക്തത്തില്‍ പൊട്ടാസ്യം കൂടുതല്‍ ഉള്ളവര്‍ തേങ്ങാവെള്ളം, ജ്യൂസ്, ഇലക്കറികള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.
ഫോസ്ഫറസ്
വൃക്ക രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രക്തത്തില്‍ ഫോസ്ഫറസ് അധികമാവുകയും എല്ലുകള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഉള്ളപ്പോള്‍ പാല്‍, തൈര് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
Dr. Nishy Mathew
Consultant Nephrologist
SUT Hospital, Pattom