
കനത്ത മഴയിലും മിന്നൽ പ്രളയത്തിലും പാകിസ്ഥാന്റെ പകുതി ഭാഗങ്ങളും മുങ്ങിനിൽക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകൾക്കാണ് വീടും ജീവനോപാധികളും നഷ്ടമായത്. സ്വാത് നദിയുടെ കരയിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച കൂറ്റൻ ഹോട്ടൽ വെള്ളപ്പൊക്കത്തിൽ തകർന്ന് ഒഴുകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
Iconic New Honeymoon Hotel in Kalam completely destroyed due to rains and flash floods. Unprecedented rains caused havoc across the country with Balochistan, Sindh and South Punjab worst affected. pic.twitter.com/nOPtw7mEaG
— Azhar Abbas (@AzharAbbas3) August 26, 2022
150 ഓളം മുറികളുള്ള കലാമിലെ ന്യൂ ഹണിമൂൺ ഹോട്ടലാണ് വെള്ളപ്പൊക്കത്തിൽ നിമിഷങ്ങൾക്കകം തകർന്നടിയുന്നത്.
മഴയെ തുടർന്ന് നദിയിൽ വെള്ളം ഉയർന്നതോടെ ഓഗസ്റ്റ് 24 ന് ഹോട്ടലിലെ അതിഥികളെയും ജീവനക്കാരെയും അധികൃതർ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പാക് മാദ്ധ്യമപ്രവർത്തകനും ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടറുമായ അസ്ഹർ അബ്ബാസ് ഹോട്ടൽ തകർന്ന് വീഴുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. 'മഴയും വെള്ളപ്പൊക്കവും കാരണം കലാമിലെ ഐക്കണിക് ന്യൂ ഹണിമൂൺ ഹോട്ടൽ പൂർണ്ണമായും നശിച്ചു. അഭൂതപൂർവമായ മഴ രാജ്യത്തുടനീളം നാശം വിതച്ചു, ബലൂചിസ്ഥാൻ, സിന്ധ്, ദക്ഷിണ പഞ്ചാബ് എന്നിവിടങ്ങളിൽ ഏറ്റവും മോശമായി ബാധിച്ചു.' വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റു ചെയ്തു. കനത്ത മഴയെ തുടർന്ന് രാജ്യത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.