ranbir

ഈയടുത്തായി ബോളിവുഡ് സിനിമകൾക്കെതിരെ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാവുകയാണ്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രവും അക്ഷയ് കുമാർ ചിത്രവും ബഹിഷ്‌കരണ ഭീഷണി നേരിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഈ ഗുരുതര പ്രശ്നം ബാധിച്ചിരിക്കുന്നത് രൺബീർ കപൂർ നായകനാകുന്ന 'ബ്രഹ്മാസ്‌ത്ര'യെയാണ്.

തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന പഴയ ഒരു വീഡിയോയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇഷ്ടഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രൺബീർ പറയുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് കൊണ്ടാണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ഹാഷ്ടാ​ഗ് ക്യാംപെയിൻ നടക്കുന്നത്.

'ബോയ്കോട്ട് ബ്രഹ്മാസ്ത്ര' എന്ന ഹാഷ്ടാ​ഗോടെയാണ് ക്യാംപെ‌യ്ൻ. 11 വർഷങ്ങൾക്ക് മുമ്പ് 'റോക്ക്സ്റ്റാർ' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ ഇന്റർവ്യൂ ആണിത്. ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണെന്ന് ചിലർ പറയുന്നു.

Shiva of #Brahmastra in real life.#BoycottBrahmastra pic.twitter.com/JR1w6zzav7

— Kreately.in (@KreatelyMedia) August 28, 2022

ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെൽപ്പുള്ള ബോളിവു‌ഡ് ചിത്രമാണ് 'ബ്രഹ്‌മാസ്‌ത്ര പാർട്ട് വൺ: ശിവ'. രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ranbir

അയൻ മുഖർജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 സെപ്തംബർ ഒൻപതിന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.