
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. ഒക്‌ടോബർ 19നായിരിക്കും ഫലപ്രഖ്യാപനം.
തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബർ 22ന് പുറപ്പെടുവിക്കുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ സെപ്റ്റംബർ 24ന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ തുടരുമെന്നും പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.
ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്. പാർട്ടിയുടെ മുതിർന്ന നേതാവായ ഗുലാം നബി ആസാദ് വെള്ളിയാഴ്ച രാജിവച്ചതിന് പിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഗുലാം നബി ആസാദ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.