arsenal

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസണിലെ തുടർച്ചയായ നാലാം മത്സരത്തിലും വിജയം നേടിയ ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ആഴ്‌സനൽ കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് മൈക്കേൽ ആർട്ടേറ്റയുടെ കുട്ടികൾ വിജയം നേടിയത്. അലക്‌സാണ്ടർ മിട്രോവിച്ചിലൂടെ മുന്നിലെത്തിയിരുന്ന ഫുൾഹാമിനെ മാർട്ടിൻ ഒഡേഗാർഡും ഗബ്രിയേൽ മഗൽഹെയ്‌സും നേടിയ ഗോളുകൾക്കാണ് ആഴ്സനൽ കീഴടക്കിയത്.

ഗോൾരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷമാണ് ഫുൾഹാം സ്കോർ ചെയ്തത്.. പ്രതിരോധതാരം ഗബ്രിയേലിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ മിട്രോവിച്ച് 56-ാം മിനിട്ടിലാണ് ലക്ഷ്യം കണ്ടത്. എന്നാൽ 64-ാം മിനിട്ടിൽ ഒഡേഗാർഡിലൂടെ ആഴ്‌സനൽ സമനിലപിടിച്ചു. ആദ്യ ഗോൾ വഴങ്ങാൻ കാരണക്കാരനായ ഗബ്രിയേൽ 85-ാം മിനിട്ടിലാണ് വിജയഗോൾ നേടിയത്.

നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ആഴ്സനലിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് വീതമുള്ള മാഞ്ചെസ്റ്റർ സിറ്റി രണ്ടാമതും ബ്രൈട്ടൻ മൂന്നാമതുമാണ്. ചെൽസി,മാഞ്ചസ്റ്റർ യുണൈറ്റഡ്,ലിവർപൂൾ എന്നീ വമ്പന്മാർ യഥാക്രമം 6,7,8 സ്ഥാനങ്ങളിലാണ്.