flood

കണ്ണൂ‌ർ: ജില്ലയിൽ ഇന്നും ശക്തമായ മഴയിൽ ഉരുൾപൊട്ടലും മലവെള‌ളപാച്ചിലും റിപ്പോർട്ട് ചെയ്‌തു. വെള‌ളറ കോളനിയിലാണ് ഉരുൾപൊട്ടലുണ്ടായത്. മാനന്തവാടി ചുരം റോഡിലും നെടുമ്പൊയിൽ ചുരം റോഡിലും ശക്തമായ മലവെള‌ളപാച്ചിലുണ്ടായി. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു.

ഏലപീടികയ്‌ക്ക് സമീപം വനത്തിനുള‌ളിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായതായാണ് സൂചന. കനത്ത മലവെള‌ളപാച്ചിലിൽ ഇവിടെ കർണാടകയിലേക്കുള‌ള ഗതാഗതം ഭാഗികമായി തടസപ്പെട്ടെങ്കിലും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴയുടെ തീരത്തുള‌ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെയും കണ്ണൂരിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. ജില്ലയിൽ നെടുംപൊയിലിലും കോഴിക്കോട് ജില്ലയിൽ വിലങ്ങാടും ഇന്നലെ ഉരുൾപൊട്ടലുണ്ടായി. വിലങ്ങാട് ടൗണിലെ പാലം വെള‌ളത്തിലടിയിലാകുകയും സമീപത്തെ കടകളിലേക്ക് വെള‌ളം കുതിച്ചുകയറുകയും ചെയ്‌തിരുന്നു. ഇന്ന് പകൽ ഇവിടെ സ്ഥിതി ശാന്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴലഭിച്ച ജില്ലകളിലെ മലയോര മേഖലകൾ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യത മുന്നിൽക്കണ്ട് കനത്ത ജാഗ്രതയിലാണ്.