artimis

വാഷിംഗ്ടൺ : അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ റിഹേഴ്സലായി സഞ്ചാരികൾ ഇല്ലാത്ത ദൗത്യത്തിന് ഇന്ന് തുടക്കം.

ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക.

സ്പേസ് ഷട്ടിലുകളുടെ പിൻഗാമിയായി നാസ വികസിപ്പിച്ച ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് ( സ്പേസ് ലോഞ്ച് സിസ്റ്റം ) ആണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. നാല് സഞ്ചാരികൾക്ക് ഇരിക്കാവുന്ന ഒറിയോൺ പേടകത്തെ ( ക്രൂ മോഡ്യൂൾ ) റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും.

വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് ആരംഭിച്ചിരുന്നു. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ സെപ്റ്റംബർ 2നോ 5നോ പ്രതീക്ഷിക്കാം. മൊത്തം ചിലവ് രണ്ട് ലക്ഷം കോടി രൂപ

2025ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു വനിത ഉൾപ്പെടെയുള്ള സഞ്ചാരികളെ ഇറക്കുന്നതിന്റെ മുന്നോടിയാണ് ഈ ദൗത്യം. രണ്ടാം ആർട്ടെമിസ് 2024ൽ സഞ്ചാരികളുമായി പോകുമെങ്കിലും ചന്ദ്രനിൽ ഇറങ്ങാതെ വലം വച്ച ശേഷം തിരിച്ചു പോരും.

A. ആർട്ടെമിസ് - I

മുഖ്യ ഘടകങ്ങൾ -എസ്.എൽ.എസ് ( സ്പേസ് ലോഞ്ച് സിസ്റ്റം ) റോക്കറ്റ്, ഒറിയോൺ പേടകം

ലക്ഷ്യങ്ങൾ-മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക. ചൊവ്വ പര്യവേക്ഷണത്തിന് ചന്ദ്രനിൽ ഒരു ബേസ് ക്യാമ്പും, ചന്ദ്രന്റെ ഭ്രമണപഥത്തിൽ സഞ്ചാരികൾക്ക് കഴിയാനുള്ള ഒരു സ്ഥിരം നിലയവും സ്ഥാപിക്കുക

 കാലാവധി - 42 ദിവസം, 3 മണിക്കൂർ, 20 മിനിറ്റ്

എസ്.എൽ.എസ്

 ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ്

 ഉയരം - 322 അടി

 ഒറിയോൺ പേടകം

 പ്രധാന ഘടകങ്ങൾ - ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ

 ഉയരം - 26 അടി

ചന്ദ്രന്റെ 95 കിലോമീറ്റർ അടുത്തെത്തി ഭ്രമണം ചെയ്യും

സഞ്ചാരികൾക്ക് പകരം മൂന്ന് മനുഷ്യ റോബോട്ടുകൾ ( ഹ്യൂമനോയിഡ് )​. കമാൻഡർ മൂണികിൻ കാംപോസ്, ഹെൽഗ, സോഹർ

മൂണികിൻ സ്പേസ് സ്യൂട്ട് ധരിച്ചാവും ഇരിക്കുക

റോബോട്ടുകളിൽ അയ്യായിരത്തിലേറെ സെൻസറുകൾ

ആമസോണിന്റെ ആധുനിക അലക്സ വോയിസ് അസിസ്റ്റന്റ്

 ആർക്കും അലക്സയെ വിളിച്ച് ലൈവായി വിശേഷങ്ങൾ തിരക്കാം

നിരവധി കളിപ്പാട്ടങ്ങൾ പേടകത്തിൽ പറന്നു നടക്കും. കുട്ടികളെ ബഹിരാകാശ ഗവേഷണത്തിലേക്ക് ആകർഷിക്കാനാണിത്.

ഒക്ടോബർ 10ന് ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങും.