hh

ബത്തേരി: സംസ്ഥാനത്ത് നാശംവിതച്ച് വീണ്ടും കനത്തമഴ. കണ്ണൂർ ജില്ലയിലെ വെള്ളറ കോളനിയിൽ ഉരുൾപൊട്ടലലും മലവെള്ളപ്പാച്ചിലും ഉണ്ടായതിന് പിന്നാലെ വയനാട് ബത്തേരിയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. ചില വീടുകളിൽ വെള്ളം കയറി. വയലിനോട് ചേർന്ന സ്ഥലമാണിവിടം. മഴ തുടരുന്ന സാഹചര്യക്കിൽ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

നേരത്തെ കണ്ണൂർ മാനന്തവാടി ചുരം റോഡിലും നെടുമ്പൊയിൽ ചുരം റോഡിലും ശക്തമായ മലവെള‌ളപാച്ചിലുണ്ടായി. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു.

ഏലപീടികയ്‌ക്ക് സമീപം വനത്തിനുള‌ളിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായതായാണ് സൂചന.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.