kk

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കമ്മിറ്റിയിലാണ് പിണറായി വിജയൻ കോടിയേരിയെ പ്രശംസിച്ചത്. കോടിയേരി മികച്ച സഖാവാണ്. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കര തിര‌ഞ്ഞെടുപ്പിൽ അദ്ദേഹം സജീവമായി. അദ്ദേഹത്തിന്റെ ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്നും പിണറായി പറഞ്ഞു.

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് എം വി ഗോവിന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയാക്കി പാർട്ടി തീരുമാനിച്ചിരുന്നു. സി പി എം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. .'സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി ഇന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.'- എന്നാണ് പാർട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം കോടിയേരി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകൾക്കൊടുവിലാണ് സംസ്ഥാനത്ത് പാർട്ടിയുടെ തലപ്പത്തേക്ക് എം വി ഗോവിന്ദനെ തിരഞ്ഞെടുത്തത്.