justice

ന്യൂഡൽഹി: കമ്മ്യൂണിസ്‌റ്റ് സ‌ർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും ക്ഷേത്ര വരുമാനമാണ് ലക്ഷ്യം വച്ചിരുന്നതെന്നും വെളിപ്പെടുത്തലുമായി സുപ്രീംകോടതി മുൻ ജസ്‌റ്റിസ് ഇന്ദു മൽഹോത്ര. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ താനും ജസ്‌റ്റിസ് യു.യു ലളിതും (നിലവിലെ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്) പദ്മനാഭസ്വാമി ക്ഷേത്ര കേസിൽ ഇത്തരമൊരു ശ്രമം തടഞ്ഞതായി ഒരുകൂട്ടം ആളുകളോട് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര പറയുന്നതായാണ് സൂചന.

'ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം കാരണം കമ്മ്യൂണിസ്‌റ്റ് സർക്കാരുകൾ അവ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. വരുമാനമാണ് അവരുടെ പ്രശ്‌നം. എല്ലായിടത്തും ഹിന്ദു ക്ഷേത്രങ്ങൾ മാത്രം അവ‌ർ ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ട് ഞാനും ലളിതും പറഞ്ഞു, ഞങ്ങൾ ഇതനുവദിക്കില്ല.' ജസ്‌റ്റിസ് ഇന്ദു മൽഹോത്ര പ്രസംഗത്തിൽ പറയുന്നു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് 2020 ജൂലായിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ബെഞ്ചിൽ ഇപ്പോൾ ചീഫ് ജസ്‌റ്റിസായ യു.യു ലളിതും ഇന്ദു മൽഹോത്രയുമാണ്

ഉൾപ്പെട്ടിരുന്നത്. ഈ വിധിയെ പരാമർശിച്ചാണ് ഇന്ദു മൽഹോത്ര പ്രസംഗിച്ചത്. ക്ഷേത്രാവകാശങ്ങൾ 2011ൽ സംസ്ഥാന സർക്കാരിന് അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്‌ക്കെതിരെ തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരിന്നു. തുടർന്നാണ് ഈ വിധിയുണ്ടായത്.

1949ൽ കേന്ദ്ര സർക്കാരുമായി ഒപ്പുവച്ച ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ മരണത്തോടെ ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകില്ലെന്ന് അന്ന് കോടതിവിധിയിൽ വ്യക്തമായിരുന്നു. തുട‌ർന്ന് ക്ഷേത്രഭരണത്തിന് അഞ്ചംഗ ഭരണസമിതിയെയും കോടതി നിയോഗിച്ചു. ശബരിമല സ്‌ത്രീപ്രവേശന വിധിയിൽ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ ഏക വനിതയായിരുന്ന ഇന്ദു മൽഹോത്ര യുക്തിചിന്തയ്‌ക്ക് അതീതമായി ആചാരങ്ങൾ അനുഷ്‌ഠിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്നാണ് വിധിയിൽ പറഞ്ഞിരുന്നത്.