
അതിശയിപ്പിക്കുന്ന ഡിസൈനും കൊതിപ്പിക്കുന്ന സൗന്ദര്യവുമായി വാസ്തുവിസ്മയം തീർത്ത് അടൽ പാലം അഹമ്മാദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ സബർമതി നദീതീരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള കാൽനട പാലം (ഫുട് ഓവർബ്രിഡ്‌ജ്) പണികഴിപ്പിച്ചത്.
സവിശേഷമായ രൂപ കല്പനയാണ് പാലത്തിന്റെ പ്രത്യേകത. കണ്ണഞ്ചിപ്പിക്കുന്ന എൽ,ഇ,ഡി ലൈറ്റിംഗ് തീർക്കുന്ന ദീപപ്രഭയാൽ അലംകൃതമാണ് അഹമ്മദാബാദിലെ കർണാവതിയിലുള്ള അടൽ പാലം. വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും താത്പര്യപ്രകാരമാണ് എല്ലിസ് പാലത്തിനും സർദാർ ബ്രിഡ്‌ജിനും ഇടയിൽ കാൽനടയാത്രികർക്കായി ഫുട് ഓവർബ്രിഡ്ജ് നിർമ്മിച്ചത്.

സബർമതി നദിയുടെ പടിഞ്ഞാറേ തീരത്തുള്ള പൂന്തോട്ടത്തെയും കിഴക്കേ അറ്റത്തുള്ള കലാ സാംസ്കാരിക കേന്ദ്രത്തെയും പാലം ബന്ധിപ്പിക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും എൽഇഡി ലൈറ്റിംഗും ഉള്ള ഈ പാലത്തിന് ഏകദേശം 300 മീറ്റർ നീളവും 14 മീറ്റർ വീതിയുമുണ്ട്. കാൽനടയാത്രക്കാർക്ക് പുറമെ സൈക്കിൾ യാത്രക്കാർക്കും നദി മുറിച്ചുകടക്കാൻ ഈ പാലം ഉപയോഗിക്കാം. പാലത്തിന്റെ മധ്യഭാഗത്ത് നിന്ന് നദി കാണാൻ ആളുകൾക്ക് അനുവാദമുണ്ട്.
താഴത്തെയും മുകളിലെയും നടപ്പാതകളിൽ നിന്നോ നദീതീരത്തെ പ്രവേശന മാർഗങ്ങളിൽ നിന്നോ ആളുകൾക്ക് സമീപിക്കാൻ കഴിയുന്ന തരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2600 മെട്രിക് ടൺ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.
പാലത്തിന്റെ മേൽക്കൂര വർണ്ണാഭമായ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, റെയിലിംഗ് ഗ്ലാസും സ്റ്റെയിൻലെസ് സ്റ്റീലും മേൽക്കൂര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
