
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി. ഗോവിന്ദൻ സ്ഥാനമേറ്റതോടെ മന്ത്രിസഭാ വികസനം ഉറപ്പായി, എന്നാൽ ഓണം അവധിക്ക് ശേഷം മാത്രമേ പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കൂ എന്നാണ് സൂചനകൾ.
കണ്ണൂർ ജില്ലയിൽ നിന്നുള്ള എം.വി. ഗോവിന്ദന് പകരം മന്ത്രി അതേ ജില്ലയിൽ നിന്ന് മതിയെന്ന് തീരുമാനിച്ചാൽ കേന്ദ്രകമ്മിറ്റി അംഗവുംമുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയെ പരിഗണിച്ചേക്കും. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലുള്ളവരെ വേണ്ടെന്ന തീരുമാനം ശൈലജയ്ക്ക് വേണ്ടി മാത്രം എന്ന കാര്യം സംശയമാണ്.
കാസർകോട് നിന്ന് പകരക്കാരനെ തേടിയാൽ സി.എച്ച്. കുഞ്ഞമ്പുവിനാകും സാദ്ധ്യത. അതേസമയം, മലപ്പുറത്ത് നിന്ന് സി.ഐ.ടി.യു പ്രമുഖനായ പി. നന്ദകുമാറിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ പുനഃസംഘടന ചർച്ചാവിഷയമാവും. വകുപ്പുകളിൽ ചില അഴിച്ചുപണികളുണ്ടായേക്കാം.
ഒന്നാം പിണറായി മന്ത്രിസഭയിൽ കണ്ണൂർജില്ലയ്ക്ക് മുഖ്യമന്ത്രി ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. കാസർകോട് നിന്ന് സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനുമുണ്ടായിരുന്നു. രണ്ടാം മന്ത്രിസഭയിൽ കാസർകോടിന് പ്രാതിനിദ്ധ്യമില്ല. കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രിക്കു പുറമേ, എം.വി. ഗോവിന്ദനാണുള്ളത്. അദ്ദേഹമൊഴിയുമ്പോൾ മുഖ്യമന്ത്രി മാത്രമായി കണ്ണൂരിന്റെ പ്രാതിനിദ്ധ്യം ചുരുങ്ങും. മുഖ്യമന്ത്രിയുള്ളതുകൊണ്ട് വേറൊരു മന്ത്രി വേണ്ടെന്ന അഭിപ്രായവുമുണ്ട്. ഒരു വർഷത്തിനുശേഷം കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാവുന്നുണ്ട്.
രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാന് പകരമായി ആലപ്പുഴയിൽ നിന്ന് സി.പി.എം മന്ത്രിമാരില്ല. സജി ചെറിയാന്റെ തിരിച്ചുവരവിന് സാദ്ധ്യതയുണ്ടെങ്കിലും വിവാദപ്രസംഗത്തിന്റെ പേരിൽ തിരുവല്ലയിലുള്ള കേസിന്റെ സാങ്കേതികപ്രശ്നം നോക്കിയിട്ടേ തീരുമാനമെടുക്കൂ. നിയമസഭാ കൈയാങ്കളിക്കേസ് വിചാരണയിലേക്ക് നീങ്ങുന്നത് മന്ത്രി വി. ശിവൻകുട്ടിക്കും തലവേദനയാണ്. തിരുവനന്തപുരത്ത് സി.പി.എമ്മിന് പുതിയ ജില്ലാ സെക്രട്ടറിയായിട്ടില്ല. ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കാനും വി.ജോയിയെ മന്ത്രിയാക്കാനും സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹം. നേതൃത്വം ഇതെല്ലാം തള്ളിക്കളയുന്നുണ്ട്.
സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്കും മന്ത്രി വീണാ ജോർജിനെ സ്പീക്കർ പദവിയിലേക്കും പരിഗണിക്കുമെന്നാണ് മറ്റൊരു അഭ്യൂഹം. കാര്യമായ അഴിച്ചുപണി ഉണ്ടാവില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
തലസ്ഥാനത്തില്ലാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആറാം തീയതിയേ മടങ്ങിയെത്തൂ. രണ്ടിന് കൊച്ചിയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്ത് അന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് പോകും. ഏഴ് മുതൽ ഓണാവധിയാണ്. ഗവർണറുടെ സൗകര്യാർത്ഥം ഓണാവധിക്ക് ശേഷമാകും മന്ത്രിയുടെ സത്യപ്രതിജ്ഞ.