india

ദുബായ്: ഏഷ്യാ കപ്പ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ നേടിയെടുത്തു. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങി ഹാ‌ർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യൻ വിജയത്തിന് കാരണഭൂതനായത്.

മത്സരത്തിൽ പാകിസ്ഥാന്റെ നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തുകയും 33 റൺസ് നേടുകയും ചെയ്‌ത ഹാർദ്ദിക്കാണ് കളിയിലെ താരം. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിനെ നാലാം പന്തിൽ സിക്‌സർ പറത്തി സ്‌റ്റൈലോടെയാണ് പാണ്ഡ്യ വിജയറൺ നേടിയത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ 19.5 ഓവറിൽ 147 ന് ഓൾ ഔട്ടായി. ഓപ്പണർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ(43), ഇഫ്‌തിഖർ അഹമ്മദ്(28), പതിനൊന്നാമനായി ഇറങ്ങി തകർത്തടിച്ച ഷാനവാസ് ദഹാനി (ആറ് പന്തിൽ 16) എന്നിവരുടെ ബലത്തിലാണ് പാകിസ്ഥാൻ ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തിയത്. വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഹാർദ്ദിക് പാണ്ഡ്യ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും പരുങ്ങലോടെയായിരുന്നു വൈസ്‌ ക്യാപ്‌റ്റൻ കെ എൽ രാഹുൽ നേരിട്ട ആദ്യ പന്തിൽ പുറത്തായി. നസീം ഷായ്‌ക്കായിരുന്നു വിക്കറ്റ്. എന്നാൽ തുടർന്ന് എത്തിയ മുൻ നായകൻ കൊഹ്‌ലി മിന്നുന്ന ഫോമിന്റെ പ്രതിഫലനമാണ് ഇന്ന് പുറത്തെടുത്തത്. (34 പന്തിൽ 35) .ക്യാപ്‌റ്റൻ രോഹിത്ത് 12 റൺസ് നേടി. സൂര്യകുമാർ യാദവ് 18 റൺസ് നേടി നസീം ഷായുടെ മികച്ച പന്തിൽ ബൗൾഡായി. തുടർന്ന് എത്തിയ ഹാർദ്ദിക്കിനൊപ്പം ചേർന്ന് ജഡേജ വിജയത്തിന്റെ അടുത്തെത്തിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജ(35) പുറത്തായി. എന്നാൽ സമ്മർദ്ദമില്ലാതെ കളിച്ച പാണ്ഡ്യ മികച്ച ഒരു സിക്‌സിലൂടെ ഇന്ത്യയെ വിജയതീരത്തണച്ചു.