landslide

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം. കുടയത്തൂർ കവലയ്‌ക്ക് സമീപം ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. ഒരു വീട് ഒലിച്ചുപോയി. ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ മാതാവ് തങ്കമ്മയുടെയും (75) പേരക്കുട്ടി ആദിദേവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

സോമൻ, ഭാര്യ ഷിജി, മകൾ ഷിമ എന്നിവരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടങ്ങി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. റവന്യു വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയി. അതേസമയം, തങ്കമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.