
അടുത്തിടെ നടന്ന ഒരു പരിപാടിയിൽ മോഹൻലാൽ ശ്രീനിവാസന് മുത്തം നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഗത്തോട് പൊരുതിയിരുന്ന ശ്രീനിവാസൻ ഏറെ നാളുകൾക്ക് ശേഷമാണ് പൊതുവേദിയിലെത്തിയത്. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ ക്ഷീണവും പ്രകടമായിരുന്നു.
ചാനൽ നൽകുന്ന പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയ ശ്രീനിവാസനെ സ്‌നേഹത്തോടെ മോഹൻലാൽ സ്വീകരിച്ചു, സ്‌നേഹ ചുംബനം നൽകി. 'പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി, വിളിച്ച ഉടനെ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്" എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
പ്രിയപ്പെട്ട ലാലിന്റെ വാക്കുകൾക്ക് നർമത്തിൽ ചാലിച്ച മറുപടിയാണ് ശ്രീനിവാസൻ നൽകിയത്. 'രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു" എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും തമാശകളും നമുക്ക് ഇനിയും കേൾക്കാനാകുമെന്നായിരുന്നു ഇതുകേട്ട് സത്യൻ അന്തിക്കാടിന്റെ പ്രതികരണം.