nitin-gadkari

ന്യൂഡൽഹി: ആവശ്യം കഴിഞ്ഞ ശേഷം ഒരാളെ വലിച്ചെറിയുന്നത് തെറ്റാണെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഒരിക്കലും യൂസ് ആൻഡ് ത്രോയിൽ ഏർപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്‌പൂരിൽ നടന്ന യംഗ് പ്രസിഡൻറ്സ് ഓർഗനൈസേഷന്റെ ഉദ്ഘാടന വേളയിലാണ് ഗഡ്കരിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി ബോർഡിൽ നിന്നും ഗഡ്കരിയെ പുറത്താക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും മറ്റ് ചിലരേയും പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അതേ ദിവസം തന്നെ നിയമിക്കുകയും ചെയ്‌തു. പാർട്ടിയുടെ സംഘടനാ സജ്ജീകരണത്തിന് ഈ രണ്ട് പാനലുകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. 2009 മുതൽ 2013 വരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്നു നിതിൻ ഗഡ്കരി.

gadkari

'വ്യവസായം, സാമൂഹിക പ്രവർത്തനം, രാഷ്ട്രീയം ഇവയിൽ ഏതിലെങ്കിലുമുള്ള ഏതൊരു വ്യക്തിക്കും മനുഷ്യബന്ധമാണ് ഏറ്റവും വലിയ ശക്തി. നിങ്ങൾ ഒരാളുടെ കൈ പിടിച്ചിട്ടുണ്ടെങ്കിൽ, അവൻ നിങ്ങളുടെ സുഹൃത്താണെങ്കിൽ, അവനെ ഒരിക്കലും വിട്ട് കളയരുത്. ഒരിക്കലും യൂസ് ആൻഡ് ത്രോ നയത്തിൽ ഏർപ്പെടരുത്.

ഞാൻ വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ കോൺഗ്രസ് മന്ത്രി ശ്രീകാന്ത് ജിച്ച്‌കർ നല്ല ഭാവിക്കായി കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ ബി.ജെ.പിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ ചിലപ്പോൾ കിണറ്റിൽ ചാടി മരിക്കും, പക്ഷേ കോൺഗ്രസിൽ ചേരില്ല. കാരണം കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രം എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു'-ഗഡ്കരി പറഞ്ഞു.

അതേസമയം, പാർട്ടിയുടെ പാർലമെന്ററി ബോർഡ് തീരുമാനവുമായി ഗഡ്കരിയുടെ പരാമർശങ്ങളെ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് മാധവ് ഭണ്ഡാരി പറഞ്ഞു.

'മനുഷ്യബന്ധങ്ങളെ കുറിച്ചാണ് ഗഡ്കരി ജി സംസാരിച്ചത്. അത് എല്ലാവർക്കും ബാധകമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയും പാർലമെന്ററി ബോർഡ് സംബന്ധിച്ച പാർട്ടിയുടെ തീരുമാനവും തമ്മിൽ ബന്ധമൊന്നും കാണേണ്ടതില്ല'- ഭണ്ഡാരി പറഞ്ഞു.