kodiyeri

ആരോഗ്യപരമായ കാരണങ്ങൾ മൂലം കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട്, രാഷ്ട്രീയം മറന്ന് രംഗത്തെത്തിയിരിക്കുകയാണ് നേതാക്കൾ.

കൊച്ചുമക്കൾക്കൊപ്പമിരിക്കുന്ന കോടിയേരിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് നേതാക്കളുടെ ആശംസ. 'ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന ശ്രീ കൊടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നു..പൂർണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ..'- എന്നാണ് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

'എത്രയും പെട്ടെന്ന് അസുഖം മാറി കർമ്മപഥത്തിലേക്ക്‌ തിരിച്ചെത്താൻ ശ്രീ കോടിയേരി ബാലകൃഷ്ണനു സാധിക്കട്ടെ എന്നാശംസിക്കുന്നു... Get well soon… Prayers"- എന്നാണ് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്.