sharukh

റാഞ്ചി: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ യുവാവ് തീകൊളുത്തിയ 19കാരി മരിച്ചു. ജാർഖണ്ഡിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചത്. ആക്രമണത്തിൽ 90ശതമാനം പൊള്ളലേറ്റ പെൺകുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഷാരൂഖ് എന്നയാൾ പെൺകുട്ടിയെ തീ കൊളുത്തിയത്. വീട്ടിലെ മുറിയിൽ ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയുടെ ദേഹത്ത് ഇയാൾ ജനലിലൂടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിരന്തരം സൗഹൃദം സ്ഥാപിക്കുന്നതിന് ശ്രമിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മരണമൊഴി നൽകി.

പത്ത് ദിവസം മുമ്പ് ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയും ഇതേ ആവശ്യം പറഞ്ഞ് വിളിച്ചിരുന്നു. സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചു. ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി സംസാരിക്കാമെന്നും പിതാവ് ഉറപ്പുനൽകി. തുടർന്ന് എല്ലാവരും ഉറങ്ങാൻ പോയി. ഇതിനു പിന്നാലെയാണ് പ്രതി പെൺകുട്ടിയെ തീകൊളുത്തിയത്.