raju-narayana-swami

കേരളാ കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് വീണ്ടും ഡോക്ടറേറ്റ്. ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റി ആണ് നിയമത്തിൽ ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് ആയിരുന്നു കോൺവൊക്കേഷനിലെ മുഖ്യ അതിഥി. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് മുകേഷ് ഷായും, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും സന്നിഹിതരായിരുന്നു.

1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോത്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003 ൽ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന യാത്രാവിവരണഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സ്വാമി എൽ എൽ എം പാസ്സായ വാർത്ത ഏതാനും വർഷങ്ങൾക്കു മുമ്പ് ദേശിയമാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ബൗദ്ധികസ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.

നിയമത്തിലുംടെക്‌നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.