
വാഷിംഗ്‌ടൺ: ബോളിവുഡിന്റെ താരരാജാവ് അമിതാഭ് ബച്ചന്റെ പ്രതിമ അമേരിക്കയിലെ വസതിയ്ക്ക് മുന്നിൽ സ്ഥാപിച്ച് ആരാധകൻ. അമേരിക്കയിൽ ഇന്റർനെറ്റ് സുരക്ഷാ എഞ്ചിനീയറായി ജോലിചെയ്യുന്ന ഗോപി സേട്ടും ഭാര്യ റിങ്കുവുമാണ് ന്യൂ ജേഴ്സിയിലെ എഡിയൺ സിറ്റിയിലുള്ള വസതിയിൽ ബിഗ് ബിയുടെ പ്രതിമ സ്ഥാപിച്ചത്.
ഇരിക്കുന്ന നിലയിലുള്ള പ്രതിമ ഗ്ളാസ് ബോക്‌സിനുള്ളിലാണ് കാണുന്നത്. പ്രതിമ ഡിസൈൻ ചെയ്തതും നിർമിച്ചതും രാജസ്ഥാനിലാണ്. ഇത് പിന്നീട് അമേരിക്കയിലേക്ക് എത്തിക്കുകയായിരുന്നു. ഏകദേശം അറുപത് ലക്ഷത്തോളം രൂപയാണ് പ്രതിമ നിർമാണത്തിനും കയറ്റുമതിയ്ക്കുമായി ചെലവായത്. വലിയ ആഘോഷപൂർവമാണ് പ്രതിമയുടെ അനാവരണ ചടങ്ങ് നടന്നത്. അറുന്നൂറോളംപേർ ചടങ്ങിൽ പങ്കെടുത്തു. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയുമായിരുന്നു ആഘോഷം.
ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ഗോപി സേട്ട് 1990ലാണ് അമേരിക്കയിലെത്തുന്നത്. 1991ൽ ന്യൂജേഴ്‌സിലെ നവരാത്രി ആഘോഷങ്ങൾക്കിടെ ഗോപി സേട്ട് ആദ്യമായി അമിതാഭ് ബച്ചനെ കണ്ടുമുട്ടുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ വലിയ ആരാധകനായി താൻ മാറുകയായിരുന്നെന്ന് ഗോപി പറയുന്നു. വളരെ താഴ്മയുള്ള മനുഷ്യനാണ് അമിതാഭ് ബച്ചൻ. ആരാധകരെ നന്നായി പരിഗണിക്കുന്നു. മറ്റ് പല താരങ്ങളെയും പോലെയല്ല ബിഗ് ബി. അതുകൊണ്ടാണ് വീടിന് മുന്നിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ ആഗ്രഹിച്ചതെന്നും ഗോപി സേട്ട് വെളിപ്പെടുത്തി. പ്രതിമ സ്ഥാപിച്ച വിവരം ബച്ചന് അറിയാമെന്നും ഗോപി പറയുന്നു.
👆🏻👆🏻On Saturday august 27th we have placed @SrBachchan statue 👆🏻👆🏻👆🏻👆🏻at outside in the front of our new home in edison NJ USA . Lots of Mr Bachchan’s fan’s participated on Mr Bachchan’s staue inoguration ceremony. pic.twitter.com/O3RklFS5eZ
— Gopi EFamily (@GopiSheth) August 28, 2022