
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധം നടത്താമെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്ന് കേരള ഹെെക്കോടതി. നിർമ്മാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാൽ പരാമർശം. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
'മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ തടസപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണം. പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം നൽകാനാവില്ല' ഹെെക്കോടതി പറഞ്ഞു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരക്കാരുമായി മൂന്നാംവട്ട മന്ത്രിതല ചർച്ച ഇന്ന് നടക്കും.