പേരൻപ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അഞ്ജലി അമീർ. കോഴിക്കോട് സ്വദേശിയായ അഞ്ജലി മോഡൽ കൂടിയാണ്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. തന്റെ സ്‌കൂൾ ജീവിതത്തെക്കുറിച്ചും, ചെന്നൈ ജീവിതത്തെക്കുറിച്ചുമൊക്കെ പരിപാടിയിൽ നടി പറയുന്നുണ്ട്.

' എനിക്ക് ഒരു വയസുള്ളപ്പോൾ ഉമ്മ മരിച്ചു. അതിനുശേഷം ഉമ്മയുടെ തറവാട്ടിലാണ് താമസിച്ചത്. പിതാവ് മരിച്ചിട്ടിപ്പോൾ എട്ട് - ഒൻപത് വർഷമായി. എനിക്ക് അഞ്ച് വയസുള്ളപ്പോൾ പിതാവ് വേറെ കല്യാണം കഴിച്ചു. അതിൽ രണ്ട് സഹോദരന്മാരുണ്ട്. അവരുമായി കോണ്ടാക്ട് ഉണ്ട്.'- അഞ്ജലി വ്യക്തമാക്കി.
താൻ ആത്മകഥ പ്രസിദ്ധീകരിക്കുമെന്നും അഞ്ജലി വ്യക്തമാക്കി. 'എന്തായാലും എന്റെ ആത്മകഥ ഞാൻ പ്രസിദ്ധീകരിക്കും. അതെന്റെയൊരു ആഗ്രഹമാണ്. ഏത് അഭിമുഖമായാലും നമ്മൾ പറയാത്ത കുറേ കാര്യങ്ങൾ ഉണ്ടാകില്ലേ. നമ്മൾ എഴുത്തിലൂടെ മാത്രം പ്രതിഫലിപ്പിക്കുന്ന കാര്യങ്ങൾ. ഞാൻ എന്താണോ, ഒരു കണ്ണാടിയിൽ കാണുന്നതുപോലെ ആ പുസ്തകമുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം."- താരം പറഞ്ഞു.
പേരൻപിൽ എത്തിയതിനെക്കുറിച്ചും അഞ്ജലി വെളിപ്പെടുത്തി. 'മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ആദ്യം തമാശ പറയുകയാണെന്നാണ് കരുതിയത്. വിവേക് രാംദേവെന്ന പുള്ളിയാണ് വിളിച്ചത്. ഞാൻ ആകെ എക്‌സൈറ്റഡ് ആയി. ചേട്ടാ ഞാൻ വയ്ക്കുകയാ, മമ്മൂക്കയുടെ കൂടെ ഞാൻ, ചുമ്മാ പറ്റിക്കല്ലേന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നെ ഒരു ലീഗിംഗ് ചാനലിൽ നിന്ന് വിളിച്ചു. തിങ്കളാഴ്ചയെങ്ങാനുമാണ് വിളിക്കുന്നത്. ബുധനാഴ്ച ചെന്നൈയിലേക്ക് വരുമോന്ന് ചോദിച്ചു. അങ്ങനെ ചെന്നു, ഓഡീഷനിൽ പങ്കെടുത്തു. എനിക്കന്ന് തമിഴ് അത്ര പെർഫക്ടല്ലായിരുന്നു. ആകെ ടെൻഷനായി. ചെയ്തുകാണിച്ചു. അവർ സെലക്ട് ചെയ്‌തെന്ന് പറഞ്ഞു.'- നടി പറയുന്നു.