മലയാളികളുടെ പൊതു വികാരമാണ് പൊറോട്ടയും ബീഫ് വിഭവങ്ങളും. ഈ കോംബിനേഷൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ബീഫിൽതന്നെ നിരവധി വെറൈറ്റി വിഭവങ്ങളാണുള്ളത്. അത്തരം രണ്ട് വെറൈറ്റി ഐറ്റമാണ് ഇത്തവണ സോൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്. ബീഫ് ഡ്രൈ ഫ്രൈയും ബീഫ് ചില്ലിയും. ഇത് പൊറോട്ടയുടെ കൂടെ മാത്രമല്ല അപ്പം, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെയും കഴിക്കാവുന്നതാണ്.
ആദ്യം ബീഫ് നന്നായി കഴുകിയെടുത്തതിന് ശേഷം അതിൽ രണ്ട് സ്പൂൺ മീറ്റ് മസാല, മഞ്ഞൾപൊടി, രണ്ട് സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് വേവിക്കണം. ശേഷം വെന്ത ബീഫ് ചെറിയ കഷ്ണങ്ങളായി നീളത്തിൽ മുറിച്ചെടുക്കണം. കോൺഫ്ളോർ, ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ വറ്റൽമുളക് പൊടിച്ചത്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് ചതച്ചത്, ജീരകം പൊടിച്ചത്, എന്നിവ കുറച്ച് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കണം. ഇതിലേക്ക് നീളത്തിൽ അരിഞ്ഞുവച്ചിരിക്കുന്ന ബ്രീഫ് ചേർത്തിളക്കി ഇത് എണ്ണയിൽ ഇട്ട് വറുത്തെടുക്കണം. ബീഫ് ഡ്രൈ ഫ്രൈ തയ്യാർ.

കാപ്‌സിക്കം, സവാള, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളാക്കിയത്, പച്ചമുളക് രണ്ടായി കീറിയത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ മാറ്റിവയ്ക്കാം. ബീഫ് ചില്ലി ഉണ്ടാക്കുന്നതിനായി ആദ്യം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിൽ വെളുത്തുള്ളിയും ഇഞ്ചിയും വറുത്തെടുക്കണം. ഇതിൽ ആദ്യം സവാളയും പിന്നാലെ പച്ചമുളകും, കാപ്പ്‌സിക്കവും ചതച്ച കുരുമുളകും കുറച്ച് ഉപ്പും ചേർത്ത് വഴറ്റണം. ശേഷം കുറച്ച് ടൊമാറ്റോ സോസ്, കുറച്ച് സോയ സോസ് എന്നിവ ചേർത്ത് ഇളക്കിയെടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്തുകൊടുക്കാം. ശേഷം പൊരിച്ചുവച്ചിരിക്കുന്ന കഷ്ണങ്ങൾ ചേർക്കണം. കറി വെന്തുവരുമ്പോൾ, മല്ലിയില, വെളുത്ത എള്ള് ചേർത്ത് കഴിഞ്ഞാൽ ബീഫ് ചില്ലി തയ്യാർ.