ഹാസ്യനടനായും സഹനടനായും നായകനുമായുമൊക്കെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച് കൊണ്ടിരിക്കുന്ന താരമാണ് സിദ്ദിഖ്. ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് താരം. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'ഞാൻ നല്ലൊരു നടനാണെന്ന് കേൾക്കാനാണ് ആഗ്രഹം. ഞാൻ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. സംവിധായകർ എന്നെ തിരഞ്ഞെടുക്കുകയാണ്. ആരെങ്കിലും സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ പറ്റില്ലെന്ന് പറയരുതെന്ന് ഒരിക്കൽ ജോഷി സാർ പറഞ്ഞു. 'ലേലം' സിനിമ ചെയ്യുന്നതിനിടെയായിരുന്നു അത്. നിനക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റില്ലെന്നാണ് അതിനർത്ഥം. അതിന് ശേഷം എനിക്ക് ഒരു റോളും മോശമാണെന്ന് തോന്നിയിട്ടില്ല. സിദ്ദിഖിനെ ഈ പടത്തിൽ അഭിനയിപ്പിച്ചിട്ട് ചീത്തപ്പേര് വാങ്ങിക്കൊടുക്കാം എന്നാരും വിചാരിക്കില്ല. ഒരു കഥാപാത്രത്തിന് യോജിച്ച ആളെയാവും തിരഞ്ഞെടുക്കുക. കഥ കേട്ട് പ്രഡിക്‌ട് ചെയ്യാറില്ല. നിനക്ക് നടക്കാൻ പോലും അറിഞ്ഞുകൂടെ എന്ന് ന്യൂഡൽഹിയിൽ അഭിനയിക്കുന്ന സമയത്ത് ജോഷി സാർ ചോദിച്ചിട്ടുണ്ട്. ആ കഥാപാത്രം അങ്ങനെ അല്ലായിരുന്നു നടക്കേണ്ടിയിരുന്നത്.

കാരവാൻ സംസ്കാരം എന്നൊന്നില്ല. മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഓർത്താണ് താരങ്ങൾ കാരവാൻ ഉപയോഗിക്കുന്നത്. സഹതാരങ്ങളുടെ സഹായം കൊണ്ടാണ് ഞാൻ ഇപ്പോഴും ഇങ്ങനെ തുടരുന്നത്. ജയറാമുമായുള്ള സൗഹൃദം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെയും കളിയാക്കി ഒരു മെസേജ് വന്നിരുന്നു. മറ്റൊരു ഹീറോയെപ്പോലെയാണ് ജയറാം എന്നെ കണ്ടിരുന്നത്. എന്നും എന്റെ ഉയർച്ച ഇഷ്ടപ്പെട്ടിരുന്ന ആളാണ്.
മമ്മൂക്കയുമായി സഹോദരബന്ധമാണ്. മമ്മൂക്ക വേണ്ടെന്ന് പറഞ്ഞ പലതും ഒഴിവാക്കിയിട്ടുണ്ട്. ഈയടുത്ത് മമ്മൂക്ക വേണ്ടെന്ന് പറഞ്ഞിട്ട് അനുസരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുള്ള ഒരു കാര്യമുണ്ട്. മാദ്ധ്യമങ്ങളിൽ വന്നിരുന്നിട്ട് ദേഷ്യത്തോടെ കാര്യങ്ങൾ പറയരുതെന്ന് പറയും. നീ എന്റെയടുത്ത് പറയും പോലെ ടി.വിയിൽ വന്നിരുന്ന പറയരുതെന്ന് പറയും. നീ എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് എന്നൊക്കെ ചോദിക്കും. എന്റെ ജീവിത്തിൽ മറക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് അദ്ദേഹം'-സിദ്ദിഖ് പറഞ്ഞു.