
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസിൽ നിന്ന് അടുത്തിടെ രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. മോദി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ മനുഷ്യത്വവും കരുണയും പ്രധാനമന്ത്രി തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചുവെന്നാണ് ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാജ്യസഭയിൽ ആസാദിന്റെ വിരമിക്കൽ വേളയിൽ പ്രധാനമന്ത്രി കരഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ വിരമിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മറ്റൊരു സംഭവത്തെ കുറിച്ച് ഓർത്താണ് അദ്ദേഹം വികാരാധീനനായത്. അത് ഇതാണ്. 2006ൽ ഗുജറാത്തിൽ നിന്ന് കാശ്മീർ സന്ദർശനത്തിനെത്തിയ ഏതാനും വിനോദസഞ്ചാരികൾ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ഞാൻ കാശ്മീർ മുഖ്യമന്ത്രിയും മോദി സാഹിബ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു. വിവരമറിയാൻ അദ്ദേഹം തന്നെ വിളിച്ചെങ്കിലും ദാരുണമായ ആ സംഭവത്തെക്കുറിച്ച് ഓർത്ത് ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു. സംസാരിക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ കരയുന്നത് ഫോണിലൂടെ അദ്ദേഹം കേട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനത്തിൽ കൊണ്ടുപോവുമ്പോഴെല്ലാം ഞാൻ കരയുകയായിരുന്നു. അദ്ദേഹം അത് ടിവിയിലൂടെ കണ്ടിട്ടുണ്ടാവാം. പിന്നേയും ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എനിക്ക് സംസാരിക്കാൻ പറ്റിയില്ല. എങ്കിലും അദ്ദേഹം നിത്യവും വിളിച്ചുകൊണ്ടേയിരുന്നു. മോദി ജി പരുക്കനായ ഒരാളായിരുന്നുവെന്നാണ് ഞാൻ കരുതിയിരുന്നത്. ഭാര്യയോ മക്കളോ ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ആ ധാരണ തെറ്റി, അദ്ദേഹം മനുഷ്യത്വത്തോടെ പെരുമാറി'- ആസാദ് പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്തുപോകേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് നേതൃത്വം നൽകിയത്. കോൺഗ്രസിന് തന്നോട് എല്ലാക്കാലത്തും നീരസമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കും രാഹുൽഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് കോൺഗ്രസിൽ നിന്ന് ആസാദ് രാജിവച്ചത്. ബി ജെ പിയിലേക്ക് പോകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചുവെങ്കിലും അത് നിഷേധിച്ച് രംഗത്തെത്തിയ ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബി ജെ പിയുമായി ഒരു തരത്തിലുള്ള സഹകരണവും ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ മോദിയെ പുകഴ്ത്തി വീണ്ടും രംഗത്തെത്തിയതോടെ ബി ജെ പിയോട് അടുക്കുകയാണ് എന്നതരത്തിൽ വീണ്ടും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.