
ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന അഭിനേത്രി സുമ ജയറാം. അൻപതാം വയസിൽ രണ്ടു ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സുമ ജയറാം അവരുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചു. 2013ലായിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലത്രയുമായി സുമയുടെ വിവാഹം. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2022 ജനുവരിയിലാണ് ഇരുവർക്കും രണ്ടു ആൺകുട്ടികൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ബാലചന്ദ്രമേനോന്റെ കണ്ടെത്തലായ സുമ ജയറാം, കുട്ടേട്ടൻ, വചനം, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മഴയെത്തും മുൻപെ, ക്രൈം ഫയൽ, ഇഷ്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തുനിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.