buffer-zone

തിരുവനന്തപുരം: ബഫർസോൺ മേഖലകളിലെ വിവരശേഖരണത്തിന് ഉപഗ്രഹ സർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സാങ്കേതിക വിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങൾ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങളിൽ പഠനം നടത്തി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ദ്ധ സമിതി പരിശോധിക്കും.

115 വില്ലേജുകളിലാണ് ബഫർസോൺ വരുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫർസോണിലുള്ള കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂർത്തീകരിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹർജി സംസ്ഥാനം ഫയൽ ചെയ്തിട്ടുണ്ട്. തുറന്ന കോടതിയിൽ വേഗത്തിൽ വാദം കേൾക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. യോഗത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി. രാജീവ്, കെ രാജൻ, പി പ്രസാദ്, വിവിധ വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.