student

# ജീവനക്കാർക്കും യു.ജി.സി വെബ് പോർട്ടലിലൂടെ പരാതിപ്പെടാം

# പരാതി പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ യു.ജി.സി കേന്ദ്രീകൃത ഏകജാലക സംവിധാനമായ ഇ-സമാധാൻ എന്ന വെബ് പോർട്ടൽ തുടങ്ങും.

ഒറ്റ ക്ളിക്കിൽ, ഒറ്റയിടത്ത് പരാതികൾ നൽകുന്നതിനുള്ള പോർട്ടൽ അടുത്തയാ‌ഴ്‌ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഒറ്റ പോർട്ടലിലൂടെ യു.ജി.സിയുടെ സമഗ്ര മേൽനോട്ടം വരുന്നതോടെ, പരാതികൾ പരിഹരിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും, നടപടിയെടുക്കുന്നതിനും കമ്മിഷന് കഴിയും. നിലവിൽ, ഒരേ പരാതി തന്നെ പലയിടങ്ങളിൽ നൽകുന്നത് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും,

പരിഹാര നടപടികൾ വൈകുകയുമായിരുന്നു.

വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങളും പ്രയാസങ്ങളും കമ്മിഷന്റെ മുൻഗണനാ വിഷയമാണെന്നും, പരാതികൾ രജിസ്റ്റർ ചെയ്യാനും കൃത്യസമയത്തിനുള്ളിൽ നടപടിയെടുക്കാനും

പര്യാപ്തമായ ഡിജിറ്റൽ പ്ളാറ്റ് ഫോം എന്ന നിലയിലാണ് പോർട്ടൽ പ്രവർത്തിക്കുകയെന്നും യു.ജി.സി വക്താവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുതാര്യമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതോടൊപ്പം, കൊള്ളരുതായ്‌മകൾ തടയുകയും പോർട്ടലിന്റെ ലക്ഷ്യമാണ്.

പരാതികൾക്ക്

ഒറ്റ പോർട്ടൽ

നിലവിലുള്ള ആന്റി റാഗിംഗ് ഹെൽപ്പ് ലൈൻ ഒഴികെയുള്ള യു.ജി.സിയുടെ മറ്റു പോർട്ടലുകൾ സംയോജിപ്പിച്ചാണ് ഇ-സമാധാൻ പോർട്ടൽ . ഏകജാലക സംവിധാനമായതിനാൽ പരാതികൾ രേഖപ്പെടുത്തുന്നതും, പരിഹരിക്കുന്നതും എളുപ്പമാകും.

ഒറ്റക്ലിക്കിൽ

പരിഹാരം

മെയിൽ ഐഡി വഴിയോ, ഫോൺകാൾ വഴിയോ, ടോൾ ഫ്രീ നമ്പർ വഴിയോ പരാതികൾ നൽകാം. പരാതികൾ രേഖപ്പെടുത്തുകയും, ഒരു പ്രത്യേക നമ്പരിൽ അതാത് മേധാവികളുടെ അക്കൗണ്ടിൽ ആട്ടോമാറ്റിക്കായി സൂക്ഷിക്കുകയും ചെയ്യും. പരാതികളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണം. വകുപ്പ് മേധാവികൾ എല്ലാദിവസവും ,സ്ഥാപന മേധാവികൾ ഓരോ ആഴ്‌ചയും പരാതികളിലെ നടപടി വിലയിരുത്തണം. യു.ജി.സിയും ഇത് പരിശോധിക്കും.

ടോൾഫ്രീ നമ്പർ

1800111656, 24x7

യു.ജി.സി
1043 യൂണിവേഴ്സിറ്റികൾ

42,343 കോളേജുകൾ

3.85 കോടി വിദ്യാർത്ഥികൾ

15.03 ലക്ഷം അദ്ധ്യാപകർ

(2019-20 ലെ ആൾ ഇന്ത്യാ സർവെ ഓൺ ഹയർ എഡ്യുക്കേഷൻ പ്രകാരം)