
ഒരു ഷർട്ടിലുണ്ടായത് 75% വിലവർദ്ധന. ഒപ്പം 12% ജി.എസ്.ടിയും. വിലയിൽ റിബേറ്റ് അനുവദിക്കുന്ന വിശേഷദിവസങ്ങൾ കാത്തിരുന്ന് ഖാദി വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് അത്ര ആശ്വാസകരമല്ല, ഈ ഒാണം. ഗാന്ധി ജയന്തി, സ്വാതന്ത്ര്യ ദിനം, ഓണം തുടങ്ങിയ വിശേഷാവസരങ്ങളിൽ ഖാദി വസ്ത്രങ്ങൾ വിൽക്കുന്നത് 30% റിബേറ്റിലാണ്. ഖാദി സ്‌നേഹികൾ ഈ അവസരം കാത്തിരുന്നാണ് വസ്ത്രങ്ങൾ വാങ്ങുന്നത്. ഈ കാലങ്ങളിൽ ആയിരം രൂപയുടെ വസ്ത്രം വാങ്ങിയാൽ 700 രൂപ നൽകിയാൽ മതിയാവും. 300 രൂപ സർക്കാർ റിബേറ്റായി നൽകും. ഇത് ഖാദിയെ സ്‌നേഹിക്കുന്നവർക്ക് ആശ്വാസമായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം 600 രൂപ വിലയുണ്ടായിരുന്ന ഖാദി ഷർട്ടിന്റെ ഈ വർഷത്തെ വില 1050 രൂപയാണ്. തുണിയുടെ വിലയിലും തുന്നൽ കൂലിയിലും ഉണ്ടായ വർദ്ധനവാണ് ഷർട്ടിന്റെ വിലവർദ്ധനക്കുള്ള കാരണമായി പറയുന്നത്. കഴിഞ്ഞ വർഷത്തേതിലും 450 രൂപയുടെ വർദ്ധനവാണ് ഒരു ഷർട്ടിൽ ഉണ്ടായിരിക്കുന്നത്. അതായത് 75% വർദ്ധന. വിപണിയിൽ ഒരു സാധനത്തിനും ഉണ്ടാകാത്ത വർദ്ധനവണിത്.
ഈ വർഷം റിബേറ്റ് കാലയളവിൽ 1050 രൂപയുടെ ഒരു ഷർട്ട് വാങ്ങുന്ന ആൾ 735 രൂപയാണ് നൽകേണ്ടിയിരുന്നത്. പക്ഷേ റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 12% ജി.എസ്.ടി കൂടി ചേർത്ത് ഈ വർഷം 823.20 രൂപ നൽകേണ്ടിവരും. റിബേറ്റിന്റെ ആനുകൂല്യത്തിന്റെ ഒരു വലിയ പങ്ക് ഉപഭോക്താവിൽ നിന്നും സർക്കാർ തിരിച്ചു പിടിക്കുകയാണ്. ഉപഭോക്താവിന് ഫലത്തിൽ 18% ആനുകൂല്യം മാത്രമേ ലഭിക്കുന്നുള്ളൂ.
ഖാദി വസ്ത്രത്തിന്റെ വിലയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് മൂലം ഉപഭോക്താക്കൾ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന കോട്ടൻ വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കാൻ നിർബന്ധിതരാകും. തന്മൂലം വിപണിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഖാദി വസ്ത്ര വ്യാപാര രംഗം പ്രതിസന്ധിയിലാവുകയും ചെയ്യും.
വിലവർദ്ധന 75 ശതമാനം.
ജി.എസ്. ടി. 12 ശതമാനം.
ഖാദി റിബേറ്റ് 30 ശതമാനം.
ഖാദി വസ്ത്രങ്ങളുടെ വിലയിൽ ഉണ്ടായിരിക്കുന്ന വർദ്ധന പുന:പരിശോധിക്കുകയും ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ചുമത്തിയിരിക്കുന്ന ജി.എസ് ടി പിൻവലിക്കുകയും ചെയ്താൽ മാത്രമേ ഖാദി വിപണി നിലനിൽക്കൂ. സർക്കാർ വേണ്ട നടപടി സ്വീകരിക്കണം.