
ലഖ്നൗ : റെയിൽവേസ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴുമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. മോഷ്ടിക്കപ്പെട്ട കുട്ടിയെ 100 കിലോമീറ്റർ അകലെ ബി.ജെ.പി നേതാവിന്റെ വീട്ടിൽ കണ്ടെത്തി. ഇതോടെ കുട്ടികളെ മോഷ്ടിച്ചു വിൽക്കുന്ന വൻറാക്കറ്റ് പൊലീസിന്റെ പിടിയിലായി. മഥുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ബി.ജെ.പി നേതാവായ വിനീത അഗർവാളും ഭർത്താവും ചേർന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും രണ്ടു ഡോക്ടർമാരിൽ നിന്നുമായി 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്. പ്ളാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളുടെ അടുത്ത് നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു, കാമറയിൽ പതിഞ്ഞവരുൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയെ കൈമാറിയ ഡോക്ടർമാരും പിടിയിലായിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ വച്ച് കുട്ടിയെ മാതാപിതാക്കൾക്ക് പൊലീസ് കൈമാറി. അതേസമയം അറസ്റ്റിലായ നേതാവിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.