
തിരുവനന്തപുരം: ഉദ്യോഗസ്ഥർ പതിവായി മുങ്ങുന്നെന്ന പരാതിയിൽ മന്ത്രി മുഹദ് റിയാസ് മിന്നൽ പരിശോധനയ്ക്കെത്തിയപ്പോൾ അസി. എൻജിനിയറുമില്ല അവധി രജിസ്റ്ററുമില്ല. പൂജപ്പുരയിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിലായിരുന്നു ഇന്ന് വൈകിട്ട് പരിശോധന നടന്നത്.
ആകെ നാലു പേരിൽ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അസി. എൻജിനിയർ അവധിയിലാണെന്ന് പറഞ്ഞപ്പോൾ മന്ത്രി അവധി രജിസ്റ്റർ ആവശ്യപ്പെട്ടു. പക്ഷേ ഹാജരാക്കാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല. ഒപ്പിട്ട് മുങ്ങുന്നത് പതിവായതിനാലാവാം രജിസ്റ്റർ ഒളിപ്പിച്ചതെന്നാണ് സംശയം.
ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവിടെ കണ്ടെത്തിയതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ കെട്ടിട വിഭാഗം ചീഫ് എൻജിനിയറോട് വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറി അജിത്കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഓഫീസിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്നും മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.