
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസം കൂടി അതിശക്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികൾ നിലനിൽക്കുന്നതും അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതുമാണ് മഴ കനക്കാൻ കാരണം. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.