robbery

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ വൻ കവർച്ച. പന്ത്രണ്ട് കോടി രൂപയുടെ സ്വർണവും പത്ത് ലക്ഷം രൂപയുമാണ് കൊള്ളയടിച്ചതെന്ന് പൊലീസ് അറിയിച്ചു. തോക്കുമായെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്.


ഉദയ്പൂരിലെ പ്രതാപ് നഗറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മോഷ്ടാക്കാളെത്തുമ്പോൾ അഞ്ച് ജീവനക്കാരും ഒരു ഉപഭോക്താവും മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ ബന്ദികളാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദയ്പൂർ എസ് പി അറിയിച്ചു. പലചരക്ക് കടകളും നിരവധി ഓഫീസുകളും ഉള്ള തിരക്കേറിയ പ്രദേശമാണ് പ്രതാപ് നഗർ.