
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. പെദ്ദപ്പള്ളിയിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ 'ഗോൾമാൽ പ്രധാനമന്ത്രി' എന്ന് വിളിച്ച ചന്ദ്രശേഖര റാവു, 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ 'ബി.ജെ.പി മുക്ത ഭാരതം' ഉണ്ടാക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
'2024ൽ ബി.ജെ.പി മുക്ത ഭാരതം സൃഷ്ടിക്കാൻ നമ്മൾ എല്ലാവരും പ്രതിജ്ഞയെടുക്കുകയും ഒരുങ്ങുകയും വേണം. മുദ്രാവാക്യവുമായി നമ്മൾ മുന്നേറണം. എങ്കിൽ മാത്രമേ ഈ രാജ്യത്തെ നമുക്ക് രക്ഷിക്കാൻ കഴിയൂ, അല്ലെങ്കിൽ ഈ രാജ്യത്തെ രക്ഷിക്കാൻ സാദ്ധ്യതയുമില്ല.

പൊതുജനങ്ങൾ വിശ്രമിച്ചാൽ ഡൽഹിയിൽ നിന്നുള്ള കള്ളന്മാർ വന്ന് മതപരമായ അടിസ്ഥാനത്തിൽ പോരാടാൻ ശ്രമിക്കും. പ്രധാനമന്ത്രിയും കേന്ദ്രവും പറയുന്നതെല്ലാം നുണകളാണ്. 'ഗുജറാത്ത് മോഡൽ' പ്രദർശിപ്പിച്ചാണ് മോദി പ്രധാനമന്ത്രിയായത്. എന്നാൽ യഥാർത്ഥത്തിൽ നിരോധനമുള്ള പടിഞ്ഞാറൻ സംസ്ഥാനത്ത് വ്യാജമദ്യം യഥേഷ്ടം ഒഴുകുകയാണ്. ദീർഘവീക്ഷണമില്ലാത്തതിനാൽ ഗോതമ്പും അരിയും ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്'- ചന്ദ്രശേഖര റാവു പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പാദരക്ഷകൾ എടുത്തുകൊണ്ടുവരുന്നതായി വീഡിയോ പ്രചരിപ്പിച്ച് അടുത്തിടെ വിവാദത്തിലായ തെലങ്കാന ബി.ജെ.പി പ്രസിഡന്റ് ബന്ദി സഞ്ജയ്‌യെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. തെലങ്കാനയുടെ ആത്മാഭിമാനം പണയം വച്ചുകൊണ്ട് പാദരക്ഷകൾ കൊണ്ടുപോകാൻ ചിലർക്ക് ഉത്സാഹമാണെന്ന് റാവു പറഞ്ഞു.ഡൽഹിയിൽ നിന്ന് വരുന്ന കള്ളന്മാർക്ക് നമ്മൾ അടിമകളാകണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.