
വിശന്ന് വീട്ടിലേയ്ക്ക് എത്തുമ്പോൾ ഭക്ഷണം ഉണ്ടാക്കിത്തരുന്ന മെഷീൻ വല്ലതും ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും വിചാരിച്ചിട്ടുണ്ടാവും. അത്തരത്തിൽ നല്ല മൊരിഞ്ഞ ചൂട് ദോശ ഉണ്ടാക്കി തരുന്ന ഒരു മെഷീനെ പറ്റിയാണ് ഇനി പറായാൻ പോകുന്നത്. ദോശക്കല്ലോ ഗ്യാസോ ഇല്ലാതെ തന്നെ ആവശ്യത്തിന് മൊരിഞ്ഞ നല്ല മയമുള്ള ദോശ ഉണ്ടാക്കിയെടുക്കാം.
ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും അതിലാണ് ദോശമാവ് നിറയ്ക്കേണ്ടത്. ഏകദേശം 700 എംഎൽ മാവ് വരെ ടാങ്കിൽ നിറയ്ക്കാം. ഇതുപയോഗിച്ച് പത്ത് ദോശ വരെ ഉണ്ടാക്കാൻ കഴിയും. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നിൽ. 'ഇ സി ഫ്ലിപ്' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാർട് ദോശ മേക്കർ എന്ന വിശേഷണവും കമ്പനി നൽകിക്കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചിൽ, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടൺ അമർത്തിയാൽ പ്രിന്ററിൽനിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകൾ വരും. ഇതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ജനങ്ങളാണ് മെഷീന് 'ദോശ പ്രിന്റർ' എന്ന പേരിട്ടത്.
പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ദോശ പ്രിന്ററിനെ പറ്റി വരുന്നത്. 'ദോശ ചുടാൻ എളുപ്പമാണ് മാവ് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്', 'ചട്നിയും സാമ്പാറും നമ്മൾ തന്നെ ഉണ്ടാക്കണ്ടേ', 'മെഷീൻ വൃത്തിയാക്കാൻ ബുദ്ധിമുട്ടായിരിക്കും', 'ഇത് വളരെ ഉപകാരപ്രദമാണ്' തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടിരിക്കുന്നത്.