
തൊടുപുഴ: മാരകലഹരിമരുന്നായ എം ഡി എം എയുമായ പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയ്ക്ക് സഹായ വാഗ്ദ്ധാനവുമായി ചെറുവട്ടൂർ സ്‌കൂൾ പി ടി എ. ഈ സ്കൂളിലാണ് അക്ഷയ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. 2018ൽ മികച്ച മാർക്കോടെയായിരുന്നു അക്ഷയ പ്ലസ് ടു പാസായത്.
തുടർന്ന് കോതമംഗലത്തെ കോളേജിൽ നിന്ന് എൺപത് ശതമാനം മാർക്കോടെ ബിരുദവും പൂർത്തിയാക്കി. തുടർപഠനത്തിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ചേർന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യൂനസുമായി പ്രണയത്തിലാകുകയും പഠനം മുടങ്ങുകയുമായിരുന്നു.
ഇത്തരമൊരു അവസ്ഥ മറ്റൊരു പെൺകുട്ടിക്കും വരാതിരിക്കാൻ വേണ്ടിയാണ് പി ടി എ അക്ഷയയെ സഹായിക്കാനൊരുങ്ങുന്നത്. പെൺകുട്ടിയ്ക്ക് ഉപരിപഠനം നടത്താനുള്ള സഹായം ചെയ്തുകൊടുക്കാനാണ് പി ടി എയുടെ തീരുമാനം.
ലോഡ്ജ് മുറിയിൽ നിന്നാണ് യൂനസും അക്ഷയയും പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 6.6 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് ലോഡ്ജിൽ നടത്തിയ റെയ്‌ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്.