
ന്യൂഡൽഹി: പാർട്ടിയെ നയിക്കാൻ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. അതേസമയം പദവിക്കായി മത്സരമുണ്ടാകുമോ ഇല്ലയോ എന്നതിൽ ഇനിയും തീർപ്പായിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിനെ സ്ഥാനാർത്ഥിയായി നിർദേശിച്ചാൽ ജി23 നേതാക്കൾ ശശി തരൂരിനെ നിർത്താൻ സാദ്ധ്യതയേറെയാണ്. എന്നാൽ ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയാണ് സ്ഥാനാർത്ഥി എത്തുന്നതെങ്കിൽ മത്സരമുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. രാഹുൽ ഗാന്ധി തന്നെ പാർട്ടിയെ നയിക്കണമെന്നാണ് പൊതുവികാരം. എന്നാൽ ഇതിനോട് രാഹുൽ ഗാന്ധി വിമുഖത അറിയിച്ചെന്നും വിവരമുണ്ട്.
കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ചർച്ചചെയ്യാനും പരിഹാരം കണ്ടെത്താനും മത്സരം സഹായിക്കുമെന്നാണ് ജി23 നേതാക്കൾ വിലയിരുത്തുന്നത്. മത്സരിക്കാനിറങ്ങുമോ എന്നത് സംബന്ധിച്ച് ശശി തരൂർ എം പി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനുള്ള തുടക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് രീതികളോടുള്ള എതിർപ്പ് തരൂർ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേയ്ക്കും മത്സരം വേണമെന്നാണ് തരൂരിന്റെ അഭിപ്രായം. ഈ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിക്കാനും സാദ്ധ്യതയുണ്ട്.
തരൂർ സന്നദ്ധനല്ലെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവും ജി23 നേതാക്കളിൽ ഒരാളുമായ മനീഷ് തിവാരി മത്സരരംഗത്തേക്ക് എത്താനും സാദ്ധ്യതയുണ്ട്. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നേർവഴിയ്ക്ക് നടത്തുകയെന്നാണ് ജി23 നേതാക്കളുടെ ലക്ഷ്യം. അതേസമയം, ജി23 സംഘത്തെ നയിച്ച ഗുലാം നബി ആസാദ് തന്നെ പാർട്ടി വിട്ടത് ശരിയായില്ലെന്ന അഭിപ്രായവും സംഘാംഗങ്ങൾക്കുണ്ട്.
അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് സെപ്തംബർ 22നായിരിക്കും പുറത്തിറക്കുക. സെപ്തംബർ 24 മുതൽ 30 വരെ നോമിനേഷൻ നൽകാം. ഒക്ടോബർ 17നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 19ന് ഫലം പുറത്തുവരും. ഇതൊരു പൊതുവായ മത്സരമാണെന്നും ആർക്കുവേണമെങ്കിലും മത്സരിക്കാമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.