
ലക്‌നൗ: തന്നെ ഫോണിൽ വിളിച്ചത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണെന്ന് മനസിലാക്കാത്ത സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. അമേഠി എംപിയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി ഒരു പരാതിയെ തുടർന്ന് അന്വേഷിക്കാനാണ് ദീപക് എന്ന ക്ളാർക്കിനെ വിളിച്ചത്. എന്നാൽ ദീപകിന് വിളിച്ചത് മന്ത്രിയാണെന്ന് മനസിലാകാനായില്ല.
മുസാഫിർഖാനയിലെ പഹൽവാൻ ഗ്രാമവാസിയായ കരുണേഷ് എന്നയാൾ തന്റെ അച്ഛന്റെ പേരിലുളള പെൻഷൻ അമ്മയ്‌ക്ക് ലഭിക്കാൻ അർഹതയുണ്ടെന്നും എന്നാൽ ഇവിടെ ക്ളാർക്കായ ദീപക് ഈ രേഖകൾ പരിശോധിക്കുന്നില്ലെന്നുമാണ് കേന്ദ്രമന്ത്രിയോട് പരാതിപ്പെട്ടത്. ഇത് അന്വേഷിക്കാനാണ് മന്ത്രി വിളിച്ചത്. കരുണേഷിന്റെ അന്തരിച്ച പിതാവ് അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന്റെ പെൻഷൻ മാതാവ് സാവിത്രി ദേവിക്ക് അർഹതപ്പെട്ടതാണ്. ഇക്കാര്യം സംസാരിക്കാൻ മന്ത്രി വിളിച്ചപ്പോൾ ദീപക്കിന് ശബ്‌ദം മനസിലായതേയില്ല.
മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ ഫോൺ വാങ്ങി ദീപകിനോട് തന്നെ ഓഫീസിലെത്തി കാണാൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ദീപക് വീഴ്‌ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ വിശദ അന്വേഷണത്തിന് മുസാഫിർഖാന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് വന്നശേഷം ദീപകിനെതിരെ നടപടിയുണ്ടാകും.