chinese

ന്യൂഡൽഹി: 12000 രൂപയിൽ താഴെ വിലയുള‌ള ചൈനീസ് സ്‌മാർട്ട് ഫോണുകൾ ഇന്ത്യ നിരോധിക്കും എന്ന ഊഹാപോഹങ്ങളിൽ നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ തള‌ളി. 12,000 രൂപയിൽ താഴെയുള‌ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ സർക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ സ്‌മാർട്‌ഫോൺ കമ്പനികൾക്കും വിതരണക്കാർക്കും മതിയായ ഇടം രാജ്യത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 'ഇന്ത്യൻ കമ്പനികൾക്ക് രാജ്യത്തെ വിപണിയിൽ മതിയായ തരത്തിൽ കച്ചവടത്തിന് ഇടം ലഭിക്കുന്നില്ലെന്ന് കണ്ടാൽ ഞങ്ങൾ ഇടപെടും.' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്ത് ഇന്ത്യൻ ബ്രാൻഡുകൾ നിർമ്മിക്കുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നിർബന്ധിത കടമയാണ് എന്നും എന്നാൽ വിദേശ ബ്രാൻഡുകളെയും വിതരണക്കാരെയും ഒഴിവാക്കുന്നതല്ല സർക്കാരിന്റെ നയമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇന്ത്യൻ വിപണിയിൽ 12,000 രൂപയിൽ താഴെ വിലവരുന്ന സ്‌മാർട്‌ഫോണുകളിൽ മൂന്നിലൊന്നും ചൈനീസ് കമ്പനികളുടേതാണ്. കേന്ദ്രം ഇത്തരം നടപടിയെടുത്താൽ ചൈനീസ് കമ്പനികളെ അത് നേരിട്ട് ബാധിക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ചൈനീസ് കമ്പനികൾ ഈ മേഖലയിൽ 80 ശതമാനം കയറ്റുമതിയിലും സംഭാവന ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് 2026ഓടെ 300 ബില്യൺ ഡോളർ ഇലക്‌ട്രോണിക് ഉൽപാദനം എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാൻ വേണ്ട വെല്ലുവിളികളെയും അതിന് സ്വീകരിക്കേണ്ട തന്ത്രങ്ങളെയും കുറിച്ച് തിരിച്ചറിയാൻ സഹായിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

കൊവിഡിന് ശേഷം ഇലക്‌ട്രോണിക്‌സ് മൂല്യശൃംഖലയിൽ വലിയ മാറ്റങ്ങളാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ 2026ഓടെ ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിൽ 300 ബില്യൺ ഡോളറിന്റെ ലക്ഷ്യം കൈവരിക്കാനും കയറ്റുമതിയിൽ 120 ബില്യൺ ഡോളറിന്റെ ലക്ഷ്യവും കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.