
ന്യൂഡൽഹി: ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിൽ പങ്കാളിയുടെ ജനനത്തീയതി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് മുൻപ് പങ്കാളിയുടെ പ്രായം അറിയുന്നതിനായി ആധാർ കാർഡോ പാൻ കാർഡോ സ്കൂൾ രേഖകളോ പരിശോധിക്കണമെന്നില്ല. പെൺകുട്ടി സമർപ്പിച്ച രേഖകൾ പ്രകാരം മൂന്ന് വ്യത്യസ്ത ജനനതീയതികളാണുള്ളതെന്നും കോടതി വ്യക്തമാക്കി. ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന 01- 01- 1998 എന്ന ജനനതീയതി പ്രകാരം പീഡനം നടന്ന സമയം പെൺകുട്ടി പ്രായപൂർത്തിയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധി.
2019ലും 2021ലും നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങൾക്ക് ഏപ്രിലിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇത്രയും കാലതാമസമുണ്ടായതിന് പരാതിക്കാർ തൃപ്തികരമായ കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ല. ഇത് ഹണി ട്രാപ്പിംഗ് കേസാണെന്നാണ് പ്രഥമാദൃഷ്ട്യാ മനസിലാകുന്നത്. 2019 മുതൽ പ്രതിയുമായി പെൺകുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നു. പ്രതി ബ്ളാക്ക് മെയിൽ ചെയ്തുവെങ്കിൽ നേരത്തെതന്നെ പെൺകുട്ടിയ്ക്ക് പൊലീസിനെ സമീപിക്കാമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വ്യക്തമായി അന്വേഷിക്കണം. പരാതിക്കാർ സമാനരീതിയിൽ മറ്റാർക്കെങ്കിലും എതിരെ കേസ് നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. 20,000 രൂപയുടെ ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് ആവശ്യമായി വരുമ്പോഴെല്ലാം പൊലീസ് സ്റ്റേഷനിൽ എത്തണമെന്നും കോടതി വ്യക്തമാക്കി.