
വിവാദ പരാമർശത്തിന്റെ പേരിൽ ബോളിവുഡ് നടൻ കെ.ആർ.കെ അറസ്റ്റിൽ. 2020ൽ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. നടനും വിമർശകനുമായ കമൽ ആർ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്‌ത ശേഷമാണ് മലാഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
യുവസേന അംഗം രാഹുൽ കനാൽ ആണ് നടനെതിരെ മലാഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. 2020ൽ ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നിവർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് കെ.ആർ.കെയുടെ അറസ്റ്റിലേക്ക് നയിച്ചത്.
വിവാദ ട്വീറ്റുകളിലൂടെ പലട്ടം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് കമാൽ ആർ ഖാൻ. നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 2020ൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
'എന്റെ പരാതിയിൽ കമൽ ആർ ഖാനെ അറസ്റ്റ് ചെയ്തു. മുംബയ് പൊലീസിന്റെ ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. അയാൾ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം സമൂഹത്തിൽ അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്‌തതിലൂടെ ഇത്തരക്കാർക്കെതിരായ ശക്തമായ സന്ദേശമാണ് മുംബയ് പൊലീസ് നൽകുന്നത്'- രാഹുൽ കനാൽ പറഞ്ഞു.