
റായ്‌പൂർ: ഭർത്താവിന്റെ ഓഫീസിലെത്തി അയാളെ ചീത്തവിളിക്കുന്നത് ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഒരു വിവാഹ മോചനക്കേസിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഗൗതം ഭാദുരി, രാധാകിഷൻ അഗർവാൾ തുടങ്ങിയവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പുരുഷന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള റായ്‌പൂർ കുടുംബ കോടതിയുടെ വിധിക്കെതിരെ യുവതി നൽകിയ അപ്പീലിലാണ് കോടതിയുടെ പരാമർശം. കുടുംബ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. യുവതിയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണ്.
2010ലാണ് യുവാവ് വിധവയായ റായ്പൂർ സ്വദേശിനിയെ വിവാഹം കഴിച്ചത്. യുവാവിന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി ആരോപിച്ചിരുന്നു. കൂടാതെ ഭർത്താവിന് ട്രാൻസ്ഫർ വേണമെന്നും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയിരുന്നു. സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഓഫീസിൽ പോയും അപമാനിച്ചു.
തുടർന്ന് ഭാര്യ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. 2019 ഡിസംബറിൽ കുടുംബ കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.