cm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ അടിയന്തരമായി പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റ് ഏത് ന്യായമായ ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ല. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റെന്തെങ്കിലും ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും. സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്മാറണം.

ഒരുപാട് പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതിനാൽ തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. തുറമുഖ പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല.

തീരശോഷണം ഉണ്ടാകുന്നതിന് വിഴിഞ്ഞം തുറമുഖം നിര്‍മ്മാണവുമായി ബന്ധമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഗണിച്ച് ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയമിക്കും. മൂന്ന് മാസത്തിനകം ഒരു ഇടക്കാല റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഈ സമിതിയോട് നിർദേശിക്കും. റിപ്പോർട്ട് ലഭിക്കുമ്പോൾ ആവശ്യമായ നടപടികൾ കെെക്കൊള്ളും.

5,300 കോടി രൂപയുടെ പദ്ധതികള്‍ 2021-22 ലെ ബഡ്ജറ്റില്‍ സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെല്ലാനം തീരത്ത് ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരം സംരക്ഷിക്കാനുള്ള നടപടികൾ ചെയ്യുന്നത്. പ്രാദേശിക പങ്കാളിത്തത്തോടെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയും കൂടിയാലോചനകളിലൂടെയും തീരസംരക്ഷണം നടപ്പിലാക്കും'- മുഖ്യമന്ത്രി പറഞ്ഞു.