
ഇന്നത്തെ കാലത്ത് യുവാക്കളിൽ കൂടുതൽപേരും ഏറെ പേടിക്കുന്ന ഒന്നാണ് അമിതവണ്ണം. ശരീരത്തിന് ആയാസമില്ലാത്ത ജോലിയും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും കാരണം മിക്കവാറും പേരും ഈ രോഗാവസ്ഥയുടെ പിടിയിലാണ്. ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിക്കുന്നതും സ്ഥിരമായി വ്യായാമം ചെയ്യുന്നതുമാണ് ഇതിൽ നിന്ന് രക്ഷനേടാനുള്ള മികച്ച മാർഗങ്ങൾ. എന്നാൽ ഇവയ്ക്ക് പുറമേ മറ്റ് ചില ഘടകങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.
പഞ്ചസാര, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അമിത ഉപയോഗം അമിത വണ്ണത്തിന് കാരണമാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവയ്ക്ക് പുറമേ ഉപ്പിന്റെ അമിത ഉപയോഗം, നിർജലീകരണം എന്നിവയും ശരീരഭാരം കൂടാൻ കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉപ്പിന്റെ അമിത ഉപയോഗം, നിർജലീകരണം എന്നിവ ശരീരത്തിൽ ഫ്രക്ടോസ് അധികമായി ഉത്പാദിപ്പിക്കപ്പെടാൻ കാരണമാവുകയും ഇത് ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് പരിഹാരം.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക, ദിവസേന കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യുക, നാരുകളടങ്ങിയ ആഹാരപദാർത്ഥങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ജങ്ക്, ഫാസ്റ്റ് ഫുഡുകൾ പൂർണമായി ഒഴിവാക്കുക തുടങ്ങിയവ അമിത വണ്ണമുള്ളവർ കൃത്യമായി പാലിക്കേണ്ടവയാണ്.