
കൊച്ചി: കെഎസ്‌ആർടിസി ശമ്പളപ്രശ്‌നത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. ശമ്പളപ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരമായി സർക്കാർ കെഎസ്‌ആർടിസിയ്‌ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്‌റ്രിസ് ദേവൻ രാമചന്ദ്രന്റെ വിധിയ്‌ക്കെതിരെയാണ് സർക്കാർ ഹർജി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്‌റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അൻപത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്‌തംബർ ഒന്നാം തീയതിയ്‌ക്കകം അനുവദിക്കണമെന്നാണ്.
ഇതിനെതിരായ ഹർജിയിൽ കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനുളള ബാദ്ധ്യത തങ്ങൾക്കില്ലെന്ന് സർക്കാർ വാദിക്കുന്നു. കോർപറേഷൻ നിയമപ്രകാരം രൂപീകരിച്ചതാണ് കെഎസ്‌ആർടിസി. സംസ്ഥാനത്തെ മറ്റ് ബോർഡ്, കോർപറേഷനുകൾക്കുളള പരിഗണന മാത്രമേ കെഎസ്‌ആർടിസിയ്‌ക്കും സർക്കാരിന് നൽകാൻ കഴിയൂ എന്നും അതിനാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് സർക്കാർ വാദം.
ഇതിനിടെ കെഎസ്‌ആർടിസിയിൽ ഇന്ന് പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് സാങ്കേതിക തകരാർ മൂലം പെൻഷൻ വിതരണം മുടങ്ങിയത്. രാവിലെ തന്നെ പെൻഷൻ വാങ്ങാനെത്തിയ വയോധികരടക്കം നിരവധി പേർ ഇതോടെ പ്രതിസന്ധിയിലായി.